Monday, October 31, 2011

കള്ളിപ്പൂച്ചക്ക് …


എന്‍റെ സ്വപ്നങ്ങളെ കട്ടുകുടിച്ച  കള്ളിപ്പൂച്ചക്ക് …

നിന്‍റെ നീളന്‍  മീശകളില്‍ ഉറുമ്പരിക്കുമ്പോള്‍ ,
ഉറുമ്പുകളുടെ  മാളത്തിലും എത്തും
എന്‍റെ സ്വപ്നങ്ങളുടെ -
പൊട്ടും  പൊടിയും .

ഉറുമ്പുകളുടെ  രാജാവിന്‍റെ നിലവറയില്‍,
കൂറ്റന്‍  താഴിന്നും മതില്‍ക്കെട്ടിനും അപ്പുറത്ത്‌-
ഒരു  മുറി  നിറയെ 
എന്‍റെ  സ്വപ്നപ്പൂമ്പാറ്റകള്‍.

Saturday, February 12, 2011

എന്റെ പ്രിയ കവിക്കായി











നിസ്സിം ഇസേകില്‍: പറുദീസയുടെ കാവല്‍ക്കാരാ!
(അ)വിശ്വാസത്തിന്റെ ഇലച്ചാറില്‍
ജന്മാജന്മങ്ങളുടെ കണക്കെഴുതിയ
കാല്പനികന്‍ നീ...
വാക്കുകളെ  പ്രണയപൂര്‍വ്വം
വേട്ടയാടി,
വരകളെ വാക്കിലലിയിച്ച
മായാജാലം.
അപൂര്‍വങ്ങളില്‍ അപൂര്‍വത്തെത്തേടി-
ഇഴഞ്ഞു നീങ്ങുന്ന
കവിയും കാമുകനും നീ തന്നെ.
ക്ഷമയെ, കാത്തിരിപ്പിന്റെ കടും നിറങ്ങളെ
കാര്‍ക്കശ്യത്തിന്റെ ഊതനിറത്തില്‍
ചാലിച്ചപ്പോഴും;
ശാബത്തിന്റെ പാനപാത്രങ്ങളില്‍
നിറഞ്ഞുകവിഞ്ഞ വീഞ്ഞായി
നിന്റെ പ്രണയം.
കത്തുന്ന നഗരവീഥിയില്‍
അടഞ്ഞുകിടന്ന വാതിലിനുമപ്പുറം,
ഭാഷയറിയാത്ത മന്ത്രങ്ങളില്‍
പകച്ചു വിളറിയ 'ആ മുഖം
എനിക്കിന്നും കാണാം.

ഒരു 'ഴ' യും കുറെ സ്വത്വവാദചിന്തകളും

വഴിയിലെ നിഴലിലും
പുഴയിലെ മഴയിലും
ഒഴിയാതെ-മായാതെ;
കഴുകന്‍കഴുത്തിലും
ഒഴുക്കിന്നാഴത്തിലും
വഴുക്കാതെ-വീഴാതെ,

മലയാഴ്മയില്‍
വഴിഞ്ഞൊഴുകുന്ന ''യുടെ,
വരുത്തന്റെ കേഴ്വിയെ-
ക്കുഴക്കിടും ശബ്ദമായ്
വാഴുന്ന " ''യുടെ-
യുടമകള്‍ നാമെന്നു"
മൊഴിയുവാന്‍ നില്‍ക്കവേ,
ഓര്‍ത്തിടൂ സോദരീ-

മുഴുവനുമറിയാതെ
മിഴികളടച്ചു നീ,
മൊഴിയുന്ന വാക്കിന്റെ
പോരുളിനെയോര്‍ക്കുക!!
പഴയ നിന്‍ പാഠത്തില്‍
പഴകിയോരോര്‍മയില്‍
കഴിയുന്ന ഴാങ് വാല്‍  ഴാങ്,
ഴാങ്  ദാര്‍ക്കുമാരെയും!!